യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഗ്രാമങ്ങള്‍ സ്ഥാപിച്ചും മറ്റും സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്ന ചൈനയ്ക്ക് കടുത്ത സന്ദേശം നല്‍കി, അരുണാചല്‍ പ്രദേശിലെ തവാങില്‍ ഉള്‍പ്പെടെ യുദ്ധപരിശീലനവും ആയുധ സന്നാഹങ്ങളുമായി ഇന്ത്യ സര്‍വ സജ്ജമാകുന്നു.തവാങില്‍ കഴിഞ്ഞ ദിവസം യുദ്ധസമാനമായ ഡ്രില്‍ ആണ് ഇന്ത്യ നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ 'ശത്രു ടാങ്കുകള്‍' തകര്‍ക്കുകയും ചെയ്തു.ലഡാക്കില്‍ ഒരു വര്‍ഷത്തിലേറെയായി ചൈനയുമായി സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ യുദ്ധ പരിശീലനം. അടുത്തിടെ അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം തുരത്തിയിരുന്നു.ചൈനീസ് ഭീഷണി നേരിടാന്‍ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൈനസ് മൂന്ന് ഡിഗ്രി വരെ തണുപ്പുള്ള പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സൈനികര്‍ കടുത്ത കായിക, സൈനിക പരിശീലനത്തിനൊപ്പം ധ്യാനമുറകളും അഭ്യസിക്കുന്നു. അത്യാധുനിക ഉപകരണങ്ങളുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ ചൈനയുടെ ഏത് നീക്കവും കണ്ടെത്തും. പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന ആയുധങ്ങളും ഇന്ത്യ വിന്യസിക്കുകയാണ്.
യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ചൈന ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ ആളുകള്‍ ഇല്ലെങ്കിലും സിവിലിയന്മാര്‍ക്കൊപ്പം സൈനികരെയും ചൈന ഇവിടെ പാര്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ട്. അതും കണക്കിലെടുത്താണ് ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കുന്നത്. അരുണാചല്‍ സെക്ടറില്‍ ഉടനീളം ഇന്ത്യ പുതിയ റോഡുകളും പാലങ്ങളും വ്യോമ താവളങ്ങളും. വിമാനത്തില്‍ കൊണ്ടുപോകാവുന്ന പീരങ്കികളും പുതിയ റൈഫിളുകളും പരിഷ്‌കരിച്ച ഡ്രോണ്‍ വേധ ആയുധങ്ങളും. ഏത് ദുര്‍ഘട പ്രദേശത്തും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍, ഡ്രോണുകള്‍, അതീവ കൃത്യതയുള്ള നിയന്ത്രണ സംവിധാനമുള്ള വെടിക്കോപ്പുകള്‍, രാത്രി കാഴ്ചയ്ക്കുള്ള ഉപകരണങ്ങള്‍, ആധുനിക നിരീക്ഷണ റഡാറുകള്‍.പുതിയ ആയുധങ്ങളില്‍ പ്രധാനം എം. 777 അള്‍ട്രാ ലൈറ്റ് ഹോവിറ്റ്സര്‍ പീരങ്കി. ഇവ വിമാനത്തില്‍ എവിടെയും എത്തിക്കാം. എല്‍.എ.സിയിലെ മുന്നണി പ്രദേശങ്ങളിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്. മലനിരകളില്‍ വിന്യസിക്കുമ്പോള്‍ ഈ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെയുള്ള ശത്രു ലക്ഷ്യങ്ങളില്‍ കൃത്യമായി പ്രഹരിക്കാന്‍ ശേഷിയുണ്ട്.പതിനാലായിരം അടിവരെ ഉയരത്തില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഉഗ്ര പ്രഹരശേഷിയുള്ള അത്യാധുനിക സിഗ് സോവര്‍ 716 അസാള്‍ട്ട് റൈഫിളുകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. ചൈനീസ് പട്ടാളത്തെ കൃത്യമായി നിരീക്ഷിക്കാന്‍ ശേഷിയുള്ള റഡാറുകളും ഡ്രോണുകളും ഉണ്ട്.പരിഷ്‌കരിച്ച എല്‍ 70 വ്യോമ പ്രതിരോധ പീരങ്കികളാണ് മറ്റൊരു പ്രധാന ആയുധം. ഇവ റഡാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ശത്രുവിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉള്‍പ്പെടെ പറക്കുന്ന ഏതിനെയും സ്വമേധയാനിരീക്ഷിച്ച് ലോക്ക് ചെയ്ത് തകര്‍ക്കും. 575 കോടി രൂപ ചെലവിട്ടാണ് ഈ പീരങ്കികള്‍ പരിഷ്‌കരിച്ചത്.
#indianarmy #tawangsector #lac
0 Comments